മാന്നാനം: കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തുവാനും വളർത്തിയെടുക്കുവാനും അവരെ നേർവഴിക്കു നയിക്കുവാനും ദീപിക ബാലസഖ്യം നടത്തിവരുന്ന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്.
പ്ലാറ്റിനം ജൂബിലിയുടെ പടിവാതിലിൽ എത്തിനിൽക്കുന്ന ഡിസിഎൽ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും ദീപികയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മാന്നാനം സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ നടന്ന ഡിസിഎൽ കോട്ടയം മേഖല ടാലന്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സെന്റ് ജോസഫ്സ് യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. സജി പാറക്കടവിൽ സിഎംഐ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, മേഖല ഓർഗനസൈർ മിനി മാത്യു, മേഖല പ്രസിഡന്റ് ഷേർലി മറിയം എന്നിവർ പ്രസംഗിച്ചു.
നൂറുകണക്കിനു വിദ്യാർഥികൾ ആവേശത്തോടെ പങ്കെടുത്ത മത്സരം ഉച്ചകഴിഞ്ഞു സമാപിച്ചു. സമാപനസമ്മേളനത്തിൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ വിജയികൾക്കു സമ്മാനങ്ങൾ വിതരണംചെയ്തു.കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, മേഖല ഓർഗനൈസർ മിനി മാത്യു തുടങ്ങിയവർ മത്സരത്തിനു നേതൃത്വം നൽകി.